യുഎഇയിലെ എല്ലാത്തരം ഡ്രൈവിങ് ലൈസൻസുകളും സ്വന്തമാക്കിയ അപൂർവ വനിതകളിൽ ഒരാൾ; കൊല്ലത്തുകാരി സുജ മലയാളികളുടെ അഭിമാനം

കൊല്ലം സ്വദേശിനിയായ യുവതി ദുബായിലെ റോഡുകളിലൂടെ ഹെവി വാഹനങ്ങൾ ഓടിക്കുന്നത് ഒരു സിനിമാ കഥപോലെ ഹൃദ്യമാണ്. കുരീപ്പുഴക്കാരി സുജ തങ്കച്ചന്റെ യാത്ര അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണ്. സ്കൂൾ ബസ് കണ്ടക്ടറായി ജോലി ആരംഭിച്ച സുജ ഇന്ന് യുഎഇയിൽ ലഭ്യമായ എല്ലാ തരത്തിലുള്ള ഡ്രൈവിങ് ലൈസൻസുകളും സ്വന്തമാക്കിയ അപൂർവ വനിതകളിൽ ഒരാളാണ്. ജോലി തേടി ദുബായിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസ് കണ്ടക്ടറുടെ കുപ്പായം.
നാട്ടിൽ സ്കൂട്ടർ മാത്രമേ ഓടിച്ച പരിചയമുണ്ടായിരുന്നുള്ളൂ. ഏഴ് വർഷം മുൻപ് യുഎഇയിലെത്തിയ ശേഷം കഠിന പരിശീലനത്തിലൂടെയും തുടർച്ചയായ പരീക്ഷണങ്ങളിലൂടെയുമാണ് മോട്ടോർബൈക്ക്, ലൈറ്റ് വെഹിക്കിൾ, ഹെവി വെഹിക്കിൾ, ട്രക്ക്–ട്രെയിലർ ലൈസൻസുകൾ സ്വന്തമാക്കിയത്. ആദ്യ ഹെവി ലൈസൻസ് ഏഴാം ശ്രമത്തിലാണ് ലഭിച്ചത്.
ദുബായിലെ ‘ദ് മില്ലെനിയം സ്കൂൾ’ ബസ് ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന സുജ, വലിയ സ്കൂൾ ബസ് ഓടിക്കുന്ന ഏക മലയാളി വനിതയെന്ന അംഗീകാരവും നേടി. കുടുംബത്തിന്റെയും സ്കൂൾ അധികൃതരുടെയും പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് സുജ പറയുന്നു.
കുരുന്നുകളുടെ സുരക്ഷയാണ് തന്റെ ഉത്തരവാദിത്വമെന്നും, അവരുടെ ചിരികൾക്കിടയിൽ വളയം തിരിക്കുന്ന ഈ ജോലി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണെന്നും 33കാരിയായ സുജ ആത്മവിശ്വാസത്തോടെ പറയുന്നു. ഈ യാത്ര അനേകം പ്രവാസി വനിതകൾക്ക് പ്രചോദനമാണ്.











